കൊന്നുകളഞ്ഞില്ലേ, എന്റെ ചേട്ടനെ..
കടപ്പാട് : മംഗളം ദിനപത്രം
മരിച്ചിട്ടും മണിയുടെ ഓര്‍മ്മകളിരമ്പുകയാണ് ചാലക്കുടിപ്പുഴയോരത്ത്.
ഇത്രയധികം ജനപ്രീതിയുള്ള കലാകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് എന്തിനായിരുന്നു എന്നാണ് സഹോദരനായ ആര്‍.എല്‍.വി.രാമകൃഷ്‌ണന്റെ ചോദ്യം.
രാമകൃഷ്‌ണന്‍ അന്ന് പതിവിലധികം ക്ഷുഭിതനായിരുന്നു. സ്വന്തം സഹോദരന്റെ ശരീരത്തില്‍ കീടനാശിനിയുണ്ടായിരുന്നു എന്ന ഫ്‌ളാഷ് ന്യൂസ് ഞെട്ടലോടെയാണ് കേട്ടത്. രോഷവും സങ്കടവും ഒരുമിച്ചുവന്നപ്പോള്‍ പലപ്പോഴും കലാഭവന്‍മണിയുടെ അനിയന്‍ പൊട്ടിത്തെറിച്ചു.
''പൊന്മുട്ടയിടുന്ന താറാവിനെയാണ് അവര്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാക്കിയത്. ഒരു ഷര്‍ട്ട് വാങ്ങിക്കണമെങ്കില്‍ പോലും ഒപ്പമുള്ളവരെ കൊണ്ടുപോകുന്നതാണ് ചേട്ടന്റെ ശീലം. ഷര്‍ട്ട് മാത്രമല്ല, പാന്റ്‌സും വാങ്ങിച്ചുകൊടുക്കും. അങ്ങനെയുള്ള ആളെയാണ്...''
ശബ്‌ദമിടറിയപ്പോള്‍ സംസാരിക്കാന്‍ കഴിയാതെവന്നു, രാമകൃഷ്‌ണന്. കൈ കൊണ്ട് കണ്ണീര്‍തുടച്ചപ്പോഴേക്കും അടുത്തുണ്ടായിരുന്ന ബന്ധു ആശ്വസിപ്പിച്ചു. മണിയുടെ പ്രിയപ്പെട്ട കണ്ണനായിരുന്നു രാമകൃഷ്‌ണന്‍. മണി സിനിമയുടെയും നാടന്‍പാട്ടിന്റെയും ലോകത്ത് പ്രശസ്‌തനായപ്പോള്‍ കണ്ണന്‍ ഡാന്‍സിന്റെ ലോകത്ത് തിളങ്ങി.
''ചേട്ടനെ ഞങ്ങള്‍ക്ക് കിട്ടാതായിട്ട് ആറുമാസത്തോളമായി. അതിനു മുമ്പുവരെ കൃത്യമായി വീട്ടിലെത്തുന്ന ആളായിരുന്നു. ഷൂട്ടിംഗില്ലാത്ത ദിവസങ്ങള്‍ എത്ര വൈകിയാലും വീട്ടിലെത്തും. അതിരാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകും.
അതിനുശേഷം ഏട്ടന്‍ വാങ്ങിച്ച വീടുകള്‍ക്കരികിലൂടെ ഒരു കാരണവരെപ്പോലെ നടക്കും. ആ സമയത്ത് തറവാട്ടുവീട്ടില്‍ ഞാന്‍ ഡാന്‍സ് പഠിപ്പിക്കുകയായിരിക്കും. ഞാനിവിടെയൊക്കെയുണ്ട് എന്നറിയിച്ചുകൊണ്ട് ചെറുതായി ചുമച്ചുകൊണ്ടാണ് ഏട്ടന്‍ കടന്നുപോവുക.''
മരിച്ചിട്ടും മണിയുടെ ഓര്‍മ്മളിരമ്പുകയാണ് ചാലക്കുടിപ്പുഴയോരത്ത്. ആഴ്‌ചകള്‍ കഴിഞ്ഞെങ്കിലും സന്ദര്‍ശകര്‍ക്ക് ഒരു കുറവുമില്ല. എല്ലാവരോടും സംസാരിച്ച് സംസാരിച്ച് രാമകൃഷ്‌ണന്റെ ശബ്‌ദം നേര്‍ത്തുതുടങ്ങി.
''ഏട്ടനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. ഇവിടെ വരുന്ന ഓരോരുത്തരും പറയുന്നത് അറിയാത്ത കഥകളാണ്. മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ജീവിച്ച ഒരു കലാകാരന്റെ കഥ.''
ഇതിനിടയ്‌ക്കും രാമകൃഷ്‌ണനെ അലട്ടുന്ന ഒരു സങ്കടമുണ്ട്. കലാഭവന്‍ മണിക്ക് കുടുംബപ്രശ്‌നമുണ്ടെന്ന വാര്‍ത്തയാണ് അതിന് കാരണം. അതിലെ സത്യമെന്തെന്ന് രാമകൃഷ്‌ണന്‍ വിശദീകരിക്കുന്നു.
ഫോട്ടോയ്‌ക്ക് പോസ് ചെയ്യാത്തതോ കുറ്റം?
വിവാഹം കഴിഞ്ഞ സമയത്ത് ഏത് പ്രോഗ്രാമിന് പോകുമ്പോഴും ഏട്ടന്‍ ഏട്ടത്തിയമ്മയെയും കൊണ്ടുപോകുമായിരുന്നു. ശ്രീലക്ഷ്‌മി ജനിച്ചതോടെയാണ് അത് കുറഞ്ഞത്. പ്രോഗ്രാമിനിടയില്‍ രണ്ടുപേരെയും കെയര്‍ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഏട്ടന്‍ പറയാറുണ്ട്.
മാത്രമല്ല, ശ്രീലക്ഷ്‌മി വലിയ കുട്ടിയായി. ഏട്ടത്തിയമ്മ അവളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിത്തുടങ്ങി. എങ്കിലും പ്രധാനപ്പെട്ട ചടങ്ങാണെങ്കില്‍ ഏട്ടത്തിയമ്മ പോകും.
കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു അവരുടെ വിവാഹ വാര്‍ഷികം. അന്ന് മൂന്നുപേരും കൂടി യാത്ര പോയതാണ്. ഒരു സിനിമാതാരത്തിന്റെ ഭാര്യയെന്ന നിലയിലല്ല ഏട്ടത്തിയമ്മ ജീവിച്ചത്.
ഞങ്ങളും അങ്ങനെതന്നെ. ഏത് പ്രോഗ്രാമിന് പോയാലും ഏറ്റവും പിന്നിലിരിക്കുന്നതാണ് ശീലം. സംഘാടകര്‍ തിരിച്ചറിഞ്ഞാല്‍ ഞങ്ങളെ മുമ്പില്‍ കൊണ്ടുപോയി ഇരുത്തും.
ഏട്ടന്‍ ഭാര്യയുമായി അകന്നു ജീവിക്കുകയാണ്. മരിച്ചുകഴിഞ്ഞിട്ടും വന്നില്ല...തുടങ്ങിയ വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. വീട്ടില്‍ വന്ന ചിലരൊക്കെ ചോദിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്-മണിയുടെ ഭാര്യ ഇവിടില്ല. അല്ലേ? എന്ന്.
എന്തിനാണ് ആളുകള്‍ ഇത്ര ക്രൂരമായി സംസാരിക്കുന്നത്? ഏട്ടനെ സംസ്‌കരിക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി ഒരുനോക്കുകാണാന്‍ ഏട്ടത്തിയമ്മയും ശ്രീലക്ഷ്‌മിയും വന്നതാണ്. പക്ഷേ തിരക്കിനിടയില്‍പെട്ട് പത്രക്കാര്‍ക്ക് ഏട്ടത്തിയമ്മയുടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല.
അവരുടെ ക്യാമറയില്‍ പതിഞ്ഞത് ശ്രീലക്ഷ്‌മി മാത്രമാണ്. അതോടെയാണ് കഥകളിറങ്ങിയത്. പത്രക്കാര്‍ക്ക് ഫോട്ടോയെടുക്കാന്‍ പാകത്തില്‍ ഏട്ടത്തിയമ്മ നിന്നുകൊടുക്കണമായിരുന്നോ?
പൊതുദര്‍ശനത്തിന് വച്ച സമയത്ത് ഏട്ടന്‍ ജനത്തിന്റെ സ്വത്താണ്. ആ സമയത്ത് കുടുംബത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. ആരെങ്കിലും മരിച്ചാല്‍ ബന്ധുക്കള്‍ പട്ടുവിരിക്കുന്ന ചടങ്ങുണ്ട്, ഞങ്ങളുടെ സമുദായത്തില്‍.
പട്ടുമായി ഏറെപ്പേര്‍ വന്നതുമാണ്.അവര്‍ക്കുപോലും ബോഡിയുടെ അടുത്തേക്കെത്താന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം. ഗേറ്റിനകത്തേക്ക് പോലീസ് കയറ്റാതെ വന്നപ്പോള്‍ ഒരു സ്‌ത്രീ പോലീസുകാരോട് തട്ടിക്കയറുന്നത് ഞാന്‍ കണ്ടതാണ്.
''എന്റെ മകളുടെ വിവാഹത്തിന് ഒരുലക്ഷം രൂപ തന്നുസഹായിച്ച ആളാണ് ആ കിടക്കുന്നത്. ആ മണിച്ചേട്ടനെ ഒരുനോക്ക് കണ്ടേ പറ്റൂ. കടത്തിവിട്ടില്ലെങ്കില്‍ സാറന്മാരെ ഞാന്‍ ശരിയാക്കും...''
അവരുടെ രോഷം കണ്ടപ്പോള്‍ പോലീസുകാര്‍ അകത്തേക്കു കയറ്റിവിടുകയായിരുന്നു. അങ്ങനെയുള്ള എത്രയോ പേര്‍ അവിടെ വന്ന് കരഞ്ഞിട്ടുണ്ട്.
ചേട്ടന് കാന്‍സറാണ്, എയ്‌ഡ്സാണ് തുടങ്ങിയ ഒരുപാട് പ്രചാരണങ്ങളുണ്ടായി.
ഇതെല്ലാം കള്ളമാണ്. ആശുപത്രിയില്‍നിന്നുള്ള റിസല്‍ട്ട് അതിനുള്ള തെളിവാണ്. ഡിവൈ.എസ്.പി എനിക്കത് കാണിച്ചുതന്നിട്ടുമുണ്ട്. മാധ്യമങ്ങളെ ഭയന്നാണ് ചേട്ടന്‍ ആശുപത്രിയില്‍ പോലും പോകാതിരുന്നത്. ആശുപത്രിയില്‍ കയറിക്കഴിഞ്ഞാല്‍ മാധ്യമങ്ങള്‍ പൊതിയും. ഇല്ലാത്ത രോഗമുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യും.
കരള്‍രോഗം വന്നതിനുശേഷം ഏട്ടന്‍ ഇടയ്‌ക്ക് മദ്യം നിര്‍ത്തിയിരുന്നു. ഏട്ടന്റെ മാനേജരായ ജോബിക്കും കരള്‍രോഗമായിരുന്നു. അത് തെളിഞ്ഞതില്‍പിന്നെ ജോബി ഇതുവരെയും മദ്യം കഴിച്ചിട്ടില്ല. ഇത് കൃത്യമായി ഏട്ടനറിയാം.
എന്നിട്ടും ഏട്ടനെ മനഃപ്പൂര്‍വം കുടിപ്പിക്കുമ്പോള്‍ അതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടാവാം. ഏട്ടന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇവര്‍ക്ക് ഇഷ്‌ടമല്ല. സിനിമയില്‍ അഭിനയിച്ചാല്‍ ചെക്കാണ് കിട്ടുക.
എന്നാല്‍ പ്രോഗ്രാമിന് പോകുമ്പോള്‍ ലക്ഷങ്ങള്‍ കൈയോടെ കിട്ടും. അതുമായി നേരെ പാടിയിലേക്കാണ് വരിക. അവിടെ വച്ച് പലതവണ കാശ് മോഷണം പോയിട്ടുണ്ടെന്ന് ഏട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരല്ലാതെ മറ്റാരാണ് ഇതൊക്കെ ചെയ്യുക?
നാടന്‍പാട്ടിനെ ഇഷ്‌ടപ്പെട്ട കുട്ടി
അച്‌ഛന്‍ പണിചെയ്‌തിരുന്ന സ്‌ഥലമായിരുന്നു പാടി. അവിടെ ജാതിത്തൈകള്‍ അടക്കമുള്ളവ നട്ടുപിടിപ്പിച്ചത് അച്‌ഛനായിരുന്നു. അതുകൊണ്ടാണ് പ്രകൃതിരമണീയമായ, ചാലക്കുടിപ്പുഴയോരത്തെ ഈ സ്‌ഥലം വിലയ്‌ക്കുവാങ്ങാന്‍ ചേട്ടന്‍ തീരുമാനിച്ചത്.
പാട്ടുകള്‍ എഴുതാം, പാടാം, കഥകളെഴുതാം, സിനിമാക്കാര്‍ വന്നാല്‍ കഥകള്‍ കേള്‍ക്കാം... ഇതൊക്കെയായിരുന്നു ലക്ഷ്യം. ആ സ്‌ഥലമാണ് പിന്നീട് സുഹൃത്തുക്കള്‍ കൈയടക്കിവച്ച് മോശമാക്കിയത്. പാടിയില്‍ മദ്യപാനം പതിവായപ്പോള്‍ ഒരു ദിവസം ഞാന്‍ ചെന്ന് വിലക്കിയതാണ്.
ഇനിയും നിര്‍ത്തിയില്ലെങ്കില്‍ ഞാന്‍ എല്ലാവരോടും വിളിച്ചുപറയുമെന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല. ഈ പ്രശ്‌നത്തിന്റെ പേരില്‍ എന്നെ അപമാനിക്കാന്‍ വരെ ചേട്ടന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് ചേട്ടനും അവര്‍ക്കൊപ്പമാണ് നിന്നത്. എല്ലാവരെയും കുറ്റം പറയുന്നില്ല.
നല്ല സുഹൃത്തുക്കളും ചേട്ടനൊപ്പമുണ്ടായിരുന്നു. അതിലൊരാളാണ് കുഞ്ഞാലിക്ക. ചേട്ടനെ അമൃത ആശുപത്രിയില്‍ അഡ്‌മിറ്റാക്കിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യമെത്തിയത് കുഞ്ഞാലിക്കയാണ്.
മരിച്ചെന്ന ടെന്‍ഷനില്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുനില്‍ക്കുമ്പോള്‍ ആശുപത്രിയിലെ ബില്ലടച്ചതും പിന്നീട് ചാലക്കുടിയില്‍ ചേട്ടന്റെ അനുസ്‌മരണം സംഘടിപ്പിച്ചതുമൊക്കെ അദ്ദേഹത്തിന്റെ ഒറ്റ കഴിവുകൊണ്ടാണ്.
പത്തനംതിട്ടയില്‍ ഓട്ടിസം ബാധിച്ചൊരു കുട്ടിയുണ്ട്. അവന്‍ ഇടയ്‌ക്കിടയ്‌ക്ക് വയലന്റാവും. ഒരു ദിവസം റേഡിയോയില്‍ ഏട്ടന്റെ നാടന്‍പാട്ട് കേട്ടപ്പോള്‍ അവന്‍ ശാന്തനായി. പതുക്കെ കിടന്നുറങ്ങി. അതോടെ ആ കുട്ടിയുടെ അമ്മ ഏട്ടന്റെ നാടന്‍പാട്ടിന്റെ സി.ഡി.വാങ്ങിച്ച് രാത്രി കേള്‍പ്പിക്കാന്‍ തുടങ്ങി.
പിന്നീടവന് ഈ പാട്ട് കേട്ടാലേ ഉറക്കം വരൂ എന്ന അവസ്‌ഥയായി. ഒരു ദിവസം ഏട്ടന്‍ അഭിനയിക്കുന്ന ലൊക്കേഷനില്‍ അവനെയും കൊണ്ട് അമ്മ വന്നു. കാര്യം പറഞ്ഞപ്പോള്‍ ഏട്ടന്‍ അവനെ മടിയിലിരുത്തി ഒരുപാട്ടുപാടി.
'ചാലക്കുടി ചന്തയ്‌ക്കു പോയപ്പൊ,
ചന്ദനച്ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍....'
പാട്ടിനനുസരിച്ച് അവന്‍ താളംപിടിച്ചു. ജീവിതത്തില്‍ അവന്‍ ഏറ്റവും സന്തോഷിച്ച നിമിഷമായിരുന്നു അത്. അന്നു മുതല്‍ എപ്പോഴും രാത്രി ആ കുട്ടി ഏട്ടനെ ഫോണില്‍ വിളിക്കും. ഏട്ടന്‍ ഏതെങ്കിലുമൊരു നാടന്‍ പാട്ടുപാടും.
അവന്‍ ശാന്തനായി കിടന്നുറങ്ങും. ഇതൊരു പതിവായിട്ട് വര്‍ഷങ്ങളായി. എന്തു തിരക്കുണ്ടായാലും ഏട്ടന്‍ ഈ കുട്ടിയെ മാത്രം മറക്കാറില്ല. ഏട്ടനെ ആശുപത്രിയിലാക്കിയ ദിവസം മുതല്‍ അവന് പാട്ടുകേള്‍ക്കാന്‍ പറ്റാതായി.
അതോടെ അവന്‍ വീണ്ടും വയലന്റായി. സി.ഡിയില്‍ നാടന്‍പാട്ട് കേള്‍പ്പിച്ചെങ്കിലും അടങ്ങിയില്ല. സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേ ദിവസം അവന്റെ അമ്മ എന്നെ വിളിച്ച് കാര്യം പറഞ്ഞു.
''മണിച്ചേട്ടന്‍ മരിച്ചുപോയി എന്നു പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല. അവന് പാട്ടുകേള്‍ക്കണം. അതുകൊണ്ട് മോന്‍ മണിച്ചേട്ടന്റെ ശബ്‌ദത്തില്‍ ഒന്നു പാടികേള്‍പ്പിക്കണം. മോനത് കഴിയും.''
ഏട്ടന്‍ മരിച്ച വേദനയിലും ഞാന്‍ ഫോണില്‍ പാട്ടുപാടി ആ കുട്ടിയെ കേള്‍പ്പിച്ചു. അവന്‍ ശാന്തമായി ഉറങ്ങി. ഇപ്പോള്‍ എല്ലാ ദിവസവും രാത്രി ആ കുട്ടി എന്നെ വിളിക്കും. ഏട്ടന്റെ ശബ്‌ദത്തിലുള്ള പാട്ട് കേള്‍ക്കാന്‍.
ഇതുപോലുള്ള എത്രയോ പേരുടെ ദൈവമായിരുന്നു എന്റെ സഹോദരന്‍. അങ്ങനെയുള്ള ആളെയാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയത്. സഹിക്കാന്‍ കഴിയുമോ കൂടപ്പിറപ്പുകള്‍ക്ക്...?
Comments
Post a Comment