ഉരുളയ്ക്ക് ഉപ്പേരിയുമായി വി.എസ്
തിരുവനന്തപുരം: ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടിലായിരുന്നു സോളാർ കമ്മിഷൻ മുമ്പാകെ നടന്ന ക്രോസ് വിസ്താരത്തിൽ പ്രതിപക്ഷ നേതാവ് വി.എസ് .അച്യുതാനന്ദന്റെ മറുപടികൾ. ഒരു ഘട്ടത്തിൽ ജസ്റ്റിസ് ജി.ശിവരാജൻ പോലും മറുപടി നൽകുന്നതിലെ വി.എസിന്റെ ചാതുരിയെ പ്രശംസിച്ചു. തുടർച്ചയായി മൂന്നേകാൽ മണിക്കൂർ മൊഴി നൽകിയിട്ടും അദ്ദേഹത്തിന്റെ പരിഹാസ ശൈലിക്ക് തെല്ലും കുറവ് വന്നില്ല.
എഴുതി തയ്യാറാക്കിയ 15 പേജുള്ള സത്യവാങ്മൂലമാണ് വി.എസ് ഹാജരാക്കിയത്. സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സി.ബി.ഐ കൂട്ടിലിട്ട തത്തയാണെന്നും ഒരിക്കൽ നിയമസഭയിൽ പറഞ്ഞ വി.എസ് എന്തിനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്നായിരുന്നു പ്ളീഡറുടെ ചോദ്യം. സി.ബി.ഐയിൽ വിശ്വാസമുണ്ടെങ്കിലും ഏതൊരു അന്വേഷണ ഏജൻസിയെയും വിലക്കെടുക്കാൻ ഉമ്മൻചാണ്ടിക്ക് കെൽപ്പുള്ളത് കൊണ്ടാണ് സി.ബി.ഐ അന്വേഷണം നിരാകരിച്ചതെന്നായിരുന്നു വി.എസിന്റെ മറുപടി.
വി.എസിന്റേത് തെളിവുകളുടെ ബലമില്ലാതെ രാഷ്ട്രീയ നേട്ടത്തിനായി ഉന്നയിക്കുന്ന ആരോപണങ്ങളല്ലേയെന്ന ചോദ്യത്തിന് , പരിഹാസ രൂപേണയുള്ള മറുപടി ഇങ്ങനെ: 'ചോദ്യം ശുദ്ധ അസംബന്ധമാണ്. ആരോപണങ്ങൾ ഇല്ലാതാക്കാൻ ഉമ്മൻചാണ്ടി സർക്കാർ എ.ജിയെയും പ്ളീഡർമാരെയും ഉപയോഗിക്കുകയാണ്. അവരുടെ നിവൃത്തികേട് കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്. പാവം വക്കീലന്മാർ നിസഹായരല്ലേ. അതു കൊണ്ടാണ് ചോദ്യം അസംബന്ധമെന്നു പറഞ്ഞതെന്ന് കൂടി രേഖപ്പെടുത്തണം".ഒതുക്കിയുള്ള ചിരികൾക്കിടയിൽ വി.എസ് പറഞ്ഞു.
കടപ്പാട് : കേരള കൌമുദി
Comments
Post a Comment