ഒഞ്ചിയത്തുനിന്നുള്ള അവസാനത്തെ സന്ദേശം
(51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന്)
സംശയം ചോദിക്കുന്നവരും തെറ്റായ ഉത്തരത്തോടു വിയോജിക്കുന്നവരുമാണ് ശരിയായ കമ്യൂണിസ്റ്റുകാര്‍. യഥാര്‍ഥ കമ്യൂണിസ്റ്റുകാരന്‍ ഒറ്റയ്ക്കാണെങ്കിലും ശരിക്കുവേണ്ടി നട്ടെല്ലു നിവര്‍ത്തി ഉറച്ചുനില്ക്കും. പാര്‍ട്ടി അയാളെ പുറന്തള്ളിയാല്‍ തെറ്റുകള്‍ ജനങ്ങളോടു തുറന്നുപറയും. ശരി തിരിച്ചറിയുന്നവര്‍ ഓരോരുത്തരായി അയാള്‍ക്കൊപ്പം അണിചേരും. അങ്ങനെ തെറ്റിന്റെ പ്രസ്ഥാനത്തെ നിരാകരിച്ച് ശരിയുടെ പ്രസ്ഥാനം വളരും. അങ്ങനെ സമൂഹത്തെ മാറ്റിമറിച്ച് പുതിയൊരു സാമൂഹികവ്യവസ്ഥിതി സ്വപ്‌നംകാണുകയും അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അസാധാരണ കമ്യൂണിസ്റ്റുകാരനേ വിപ്ലവകാരിയാകാന്‍ കഴിയൂ. ആ വിപ്ലവകാരിക്കു മാത്രമേ രക്തസാക്ഷിയാകാനും സാധിക്കൂ.
കൊലയാളികള്‍ ഇടിച്ചുവീഴ്ത്തിയിട്ടും ചന്ദ്രശേഖരന്‍ എന്ന വിപ്ലവകാരി ഓടാന്‍ ശ്രമിച്ചില്ല. ബോംബെറിഞ്ഞു ഭീകരത പരത്തിയിട്ടും അലറിവിളിച്ച്
ആളെക്കൂട്ടിയില്ല. ജനങ്ങള്‍ക്കുവേണ്ടി എന്നും തുറന്നുവെച്ച ആ കണ്ണുകളും കാതുകളും ഒറ്റവെട്ടില്‍ പിളര്‍ക്കുമ്പോഴും നാടിനുവേണ്ടി സ്വപ്‌നംകണ്ട ആ തലച്ചോറുപോലും ഒറ്റവെട്ടിനു ഛേദിക്കുമ്പോഴും നിലവിളിച്ചില്ല. സ്വന്തം വേദനപോലും അദ്ദേഹം മരണത്തിനു സമര്‍പ്പിച്ചു.
ടി.പി.ചന്ദ്രശേഖരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെ ഏരിയ സെക്രട്ടറിയും അതിന്റെ യുവജനപ്രസ്ഥാനത്തിന്റെ നേതാവുമായി
രുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ വന്നപ്പോള്‍മുതലേ ശരികള്‍ തേടിയുള്ള ചോദ്യങ്ങളും തെറ്റുകളോടു വിട്ടുവീഴ്ചയില്ലാത്ത വിയോജിപ്പും ചന്ദ്രശേഖരന്റെ സവിശേഷതകളായിരുന്നു. ചോദ്യങ്ങളുടെ കാലം കഴിഞ്ഞെന്നും മൃതശരീരങ്ങളുടെ അച്ചടക്കത്തിന്റെ കാലമാണ് പാര്‍ട്ടിയിലെന്നും വന്നു. ഒഞ്ചിയത്തിന്റെ രക്തം സിരകളിലോടിയിരുന്ന ചന്ദ്രശേഖരന്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. 2008-ല്‍ താന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് ചന്ദ്രശേഖരനും സഹപ്രവര്‍ത്തകരും നല്കിയ പേര് റവലൂഷണറി മാര്‍ക്‌സിസിറ്റ് പാര്‍ട്ടി എന്നായിരുന്നു. ആ പേര് അന്വര്‍ഥമാണെന്ന് ജീവിതം ബലിയര്‍പ്പിച്ച് വള്ളിക്കാട്ടു റോഡിലെ ചോരക്കളത്തില്‍ വീണ് അദ്ദേഹം സ്വയം തെളിയിച്ചു.
ചന്ദ്രശേഖരനുള്ള മരണവാറന്റ് നടപ്പാക്കാന്‍ വാടകക്കൊലയാളിസംഘത്തെ തിരഞ്ഞെടുക്കുമ്പോഴും ലക്ഷങ്ങളുടെ കറന്‍സി നോട്ടുകള്‍ ഏല്പിക്കുമ്പോഴും ഗൂഢാലോചനക്കാര്‍ക്ക് രണ്ടു കാര്യങ്ങള്‍ നിര്‍ബന്ധമായിരിക്കണം. തത്സമയമരണം. ഒരു വിപ്ലവപാര്‍ട്ടിയെ സ്വപ്‌നംകണ്ട് അതിനുവേണ്ടി ഓടിനടന്നു പ്രവര്‍ത്തിച്ച ആ തലയും തലച്ചോറും മുഖച്ഛായപോലും ഭീകരവും വികൃതവുമാക്കണം. തിരുനെല്ലിക്കാട്ടില്‍ വര്‍ഗീസിനോടു ഭരണകൂടഭീകരതപോലും കാണിക്കാന്‍ മടിച്ച, കേരളത്തിലെ അതിക്രൂര രാഷ്ട്രീയകൊലപാതകങ്ങളില്‍പ്പോലും കാണാത്ത പൈശാചികത, അതാണ് മാരകായുധങ്ങള്‍ ചന്ദ്രശേഖരന്റെ തലയിലും മുഖത്തും തീര്‍ത്തത്. പറ്റിയൊരു വാക്കുനല്കാന്‍ മലയാളഭാഷയെപ്പോലും തോല്പിച്ച പൈശാചികത.
കൊലയ്ക്കു തക്ക വിലകിട്ടിയാല്‍ മരണവും ആ രഹസ്യത്തിന്റെ സൂക്ഷിപ്പും മാത്രമേ ക്വട്ടേഷന്‍സംഘം ഉറപ്പുവരുത്തേണ്ടതുള്ളൂ. കൊലയ്ക്കു ഗൂഢാലോചന നടത്തിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വിരലിലൊതുങ്ങാവുന്ന ചില നേതാക്കളുടെ ദീര്‍ഘകാല രാഷ്ട്രീയാവശ്യമാണ് കൊലയ്‌ക്കൊപ്പം നിര്‍വഹിച്ച ചിത്രവധ പരിപ്രേക്ഷ്യം. സദ്ദാം ഹുസൈനോടോ ഉസാമ ബിന്‍ ലാദനോടോ അമേരിക്കന്‍ സാമ്രാജ്യത്വംപോലും കാണിക്കാന്‍ ഭയന്ന അളവിലുള്ള പൈശാചികത.
രക്തസാക്ഷിയാകുന്നതിന് അഞ്ചു ദിവസം മുന്‍പായിരുന്നു ജനങ്ങളോടുള്ള ടി.പി.ചന്ദ്രശേഖരന്റെ അവസാനവാക്കുകള്‍. ഒഞ്ചിയം രക്തസാക്ഷികളുടെ വാര്‍ഷികാചരണയോഗത്തില്‍ സി.പി.എമ്മിന്റെ ഫാസിസ്റ്റ് ആക്രമണത്തിനെതിരെ ചന്ദ്രശേഖരന്‍ മുന്നറിയിപ്പു നല്കി. ഇതിന്റെ ഭാഗമായി നമ്മളിലൊരാള്‍ രക്തസാക്ഷിയായി വീഴാം. പക്ഷേ, അപ്പോഴും വിട്ടുവീഴ്ച ചെയ്യാതെ മറ്റുള്ളവര്‍ ഈ പ്രസ്ഥാനത്തെ കൂട്ടായി മുന്നോട്ടു കൊണ്ടുപോകണം.
ചരിത്രമുദ്രകള്‍ പേറുന്ന അതേ വയലിലാണു ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് ആ രക്തസാക്ഷിയുടെ ചേതനയറ്റ ശരീരം വിലാപയാത്രയായി എത്തിയത്. ക്രൂരരാഷ്ട്രീയവധത്തിന്റെ വിവരമറിഞ്ഞു കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ഓടിയെത്തിയവരടക്കം ആയിരങ്ങള്‍ അവിടെ സ്വന്തം മനസ്സു കത്തിച്ചു കാത്തുനിന്നു. മുഷ്ടിചുരുട്ടി സ്വയം മറന്നു ശവമഞ്ചത്തിനൊപ്പം മുന്നോട്ടു കുതിച്ച നൂറുകണക്കായ ഒഞ്ചിയം യുവത്വത്തിന്റെ കണ്ഠങ്ങള്‍ വിളിച്ചറിയിച്ചു, 'ഒഞ്ചിയത്തിന്റെ വീരുപുത്രന്‍ ടി.പി.ചന്ദ്രശേഖരന്‍ മരിച്ചിട്ടില്ല. ചന്ദ്രശേഖരന്‍ കൂടുതല്‍ ശക്തനായി ഞങ്ങളിലൂടെ ജീവിക്കും.'
അത് ഒഞ്ചിയത്തിന്റെ ചോരപുരണ്ട ചരിത്രമണ്ണിന്റെ പ്രതിജ്ഞയായിരുന്നു.
കോഴിക്കോട്ടുനിന്നു വിലാപയാത്രയെ അനുഗമിച്ച മാധ്യമപ്രവര്‍ത്തകന്‍ തന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ ഒരനുഭവം വെളിപ്പെടുത്തി. ശവമഞ്ചം വഹിച്ചുള്ള വാഹനം ഒഞ്ചിയത്തേക്കു പ്രവേശിച്ചപ്പോള്‍ ജനക്കൂട്ടത്തിനു മുന്നില്‍ വാഹനം നിര്‍ത്തേണ്ടിവന്നു. പുറത്തിറങ്ങിയപ്പോള്‍ തൊട്ട
ടുത്ത വീട്ടില്‍നിന്ന് ഒരമ്മയുടെ അലര്‍ച്ച. തുടര്‍ന്നു കൂട്ടക്കരച്ചില്‍. ഇതാണോ ചന്ദ്രശേഖരന്റെ വീട്? അല്ല എന്ന് ആരോ മറുപടി പറയുമ്പോഴേക്കും കൂട്ടക്കരച്ചില്‍ തൊട്ടടുത്ത വീട്ടിലേക്കും വ്യാപിച്ചിരുന്നു. അങ്ങനെ ചന്ദ്രശേഖരന്റെ വീടിനടുത്തുള്ള മണ്ടോട്ടിത്താഴംവയലില്‍ ശവമഞ്ചം എത്തുംവരെയും അത് ഒഞ്ചിയത്തിന്റെ ആകെയുള്ള കൂട്ടക്കരച്ചിലായി മാറി. കോഴിക്കോടു മെഡിക്കല്‍ കോളേജില്‍നിന്നു ശവമഞ്ചത്തില്‍ രാഷ്ട്രീയപ്രതിയോഗികളുടെ വാടകക്കൊലയാളികള്‍ വികൃതമാക്കിയ അച്ഛന്റെ മുഖത്തിനടുത്ത് ഒരുതുള്ളി കണ്ണീര്‍ പൊഴിക്കാതെ ഏകമകന്‍ പ്ലസ് ടു വിദ്യാര്‍ഥിയായ നന്ദു യാത്രചെയ്തു. തറവാട്ടുവീടിന്റെ മുന്നില്‍ അച്ഛന്‍ നിര്‍മിച്ച പണിതീരാത്ത വീടിന്റെ പടിഞ്ഞാറേ മൂലയില്‍ സംസ്‌കാരക്രിയകള്‍ക്കുശേഷം ചിതയ്ക്കു തീകൊളുത്തുംവരെ ഉള്ളിലെ തീയും നനവും ആ പതിനാറുകാരന്‍ പുറത്തു പ്രകടിപ്പിച്ചില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൊട്ട് കേരളത്തിന്റെ പൊതുസമൂഹത്തിലെ വലിയവരും ചെറിയവരുമൊക്കെ രാവിലെ മുതല്‍ ആ പഴയ തറവാട്ടുവീട്ടിലേക്ക് ഓടിയെത്തി; സി.പി.എം.നേതാക്കളും പ്രവര്‍ത്തകരുമൊഴിച്ച്. കേരളത്തിന്റെ മുഴുവന്‍ സഹതാപവും ഏറ്റുവാങ്ങി അവിടെ രണ്ടു മുറികളിലായി രണ്ടുപേര്‍ കിടക്കുന്നുണ്ടായിരുന്നു. എണ്‍പതു വയസ്സുള്ള അമ്മ പത്മിനി ടീച്ചര്‍, ഭാര്യ രമ. മകന്‍ വാഹനാപകടത്തില്‍ മരിച്ചെന്നാണ് അമ്മയെ അറിയിച്ചത്. മൂന്നരപ്പതിറ്റാണ്ടു മുന്‍പ് ഭര്‍ത്താവു മരിക്കുമ്പോള്‍ ചിറകുമുളയ്ക്കാതിരുന്ന അഞ്ച് ആണ്‍മക്കളെയും പോറ്റിവളര്‍ത്തിയ അമ്മ. നൂറുകണക്കിനു പ്രിയശിഷ്യരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സമൂഹത്തിനും നല്കിയ ആ അമ്മയുടെ മകന്റെ ജീവനെടുത്തിരിക്കുന്നു, കുടിലരാഷ്ട്രീയം. അതവരെ എങ്ങനെ അറിയിക്കും?
തൊട്ടടുത്ത മുറിയില്‍ ദുഃഖാര്‍ത്തയായി സ്ത്രീകള്‍ക്കിടയില്‍ കട്ടിലില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു രമ. മരണം നടുക്കമായി അപ്പോഴും നിറഞ്ഞുനില്ക്കുന്ന ആ മുറിയിലേക്കു നയിച്ചവരോടു ഞാന്‍ അപേക്ഷിച്ചു, 'വേണ്ട, അവരെ ശല്യം ചെയ്യേണ്ട.' അതിനകം പേരുകേട്ടാവണം നിശ്ചയദാര്‍ഢ്യം നിറഞ്ഞ കണ്ണുകളുമായി രമ പെട്ടെന്ന് എഴുന്നേറ്റിരുന്നു. കൃത്യമായ രാഷ്ട്രീയവ്യക്തതയോടെ പറഞ്ഞു, 'വിട്ടുവീഴ്ചചെയ്യാനവര്‍ പറഞ്ഞു. അദ്ദേഹം തയ്യാറല്ലായിരുന്നു. ചന്ദ്രശേഖരനെ കൊല്ലാനേ കഴിഞ്ഞുള്ളൂ, തോല്പിക്കാന്‍ കഴിഞ്ഞില്ല.... നിങ്ങള്‍ എത്ര എഴുതിയിട്ടെന്താ? എല്ലാം കൈയടക്കിയ ഇവരെയൊന്നും മാറ്റാനാവില്ല സഖാവേ....'
രമയുടെ ചേച്ചി തങ്കയും കണ്ണീര്‍വറ്റിയ മുഖവുമായി ആ മുറിയിലുണ്ടായിരുന്നു. മൂടാടി പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്റും ഇപ്പോള്‍ വൈസ് പ്രസിഡന്റുമാണു സി.പി.എം. പ്രവര്‍ത്തക തങ്ക.
മുറ്റത്തെ കസേരകളിലൊന്നില്‍ ദുഃഖം മനസ്സിലൊതുക്കാന്‍ പണിപ്പെട്ട് മൂകനായിരുന്നു, രമയുടെയും തങ്കയുടെയും അച്ഛന്‍ മാധവന്‍നായര്‍. സി.പി.എം. ബാലുശ്ശേരി ഏരിയ കമ്മിറ്റിയിലെയും മുന്‍ കോഴിക്കോട് ജില്ലാ കൗണ്‍സിലിലെയും അംഗം. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന സി.പി.എം.നേതാവ്. എന്തായിരിക്കും ഇപ്പോള്‍ ആ മനസ്സില്‍?
രണ്ടു പെണ്‍മക്കള്‍ മാത്രമുള്ള മാധവന്‍നായര്‍ സി.പി.എം. ഓഫീസിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കൂടെ കൊണ്ടുവന്ന് അവരെ വളര്‍ത്തുകയായിരുന്നു. പാര്‍ട്ടിക്കല്യാണവേദിയില്‍ ചാര്‍ത്തിയ ദാമ്പത്യച്ചരടും ഒന്നിച്ചുള്ള ജീവിതച്ചരടുമാണ് രാഷ്ട്രീയവൈരാഗ്യം ഇപ്പോള്‍ അറുത്തുമുറിച്ചത്. അതുകൊണ്ടുതന്നെയാണ് അനുശോചനത്തിന്റെ അണമുറിയാത്ത പ്രവാഹത്തിനിടയിലും ഒരു സി.പി.എം. നേതാവും മനുഷ്യത്വത്തിന്റെ കാല്പാടുമായി ആ വീട്ടുമുറ്റത്തേക്കു വരാതിരുന്നത്. നാടിന്റെ നാനാഭാഗത്തുനിന്നും സമൂഹത്തിന്റെ പരിച്ഛേദം അനുതാപമായി അവിടെ എത്തിയപ്പോഴും.
ഇത്രയും എഴുതിവന്നപ്പോള്‍ ഒരിക്കല്‍ക്കൂടി രമയുടെ തീനാളംപോലുള്ള വാക്കുകള്‍ മനസ്സില്‍ തെളിയുന്നു. 'നിങ്ങള്‍ എത്രയെഴുതിയിട്ടെന്താ, അവരൊന്നും മാറാന്‍ പോകുന്നില്ല....' അതുകൊണ്ട് ഇനിയുള്ള വരികള്‍ സി.പി.എം. അധികാരികളെ ആരെയും ഉദ്ദേശിച്ചല്ല. ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ മനസ്സില്‍ ചോരപൊടിഞ്ഞ സി.പി.എമ്മിലെയടക്കം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളിലെയുമടക്കം സംസ്ഥാനത്തെ ജനങ്ങള്‍ക്കാകെ സമര്‍പ്പിക്കുകയാണ്.
ചന്ദ്രശേഖരനെതിരെ സി.പി.എം. എന്തിനു ഗൂഢാലോചന നടത്തണം എന്നാണ് ആവര്‍ത്തിച്ചുയരുന്ന ചോദ്യം. കുലംകുത്തികളോടു തെറ്റുതിരുത്തി വരാന്‍ പാര്‍ട്ടിത്തമ്പ്രാക്കള്‍ കല്പിച്ചിരുന്നതുമാണ്. ഒഞ്ചിയത്തുനിന്ന് ആളുകള്‍ ഒഴുകിവരാനും തുടങ്ങിയിരുന്നു. പിന്നെ നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബുദ്ധിയുള്ളവര്‍ ഇതിനു തുനിയുമോ? തിരഞ്ഞെടുപ്പില്ലെങ്കില്‍, തിരഞ്ഞെടുപ്പില്‍ ദോഷം വരുമെങ്കില്‍പ്പോലും സി.പി.എം. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കുന്നതിനെ പാര്‍ട്ടി ശരിവെക്കുന്നു എന്നാണ് ഈ ചോദ്യങ്ങള്‍ സ്വയം നമുക്കു നല്കുന്ന ഉത്തരം.
ഒരു കൊലപാതകത്തിലെ നിര്‍ണായകതെളിവ് കൊല്ലപ്പെടുന്ന ആളുടെ മരണമൊഴിയാണ്. ഇതൊരു രാഷ്ട്രീയകൊലപാതകമായതുകൊണ്ട് ഇതിനാധാരമായി വസ്തുതകളും അതിന്റെ രാഷ്ട്രീയവും വ്യക്തമാക്കുന്ന മരണമൊഴിക്കു സമാനമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ തൊട്ടുപിന്നാലെയാണു ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്.
ഒഞ്ചിയത്ത് 2008 മുതല്‍ റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ ക്രിമിനലുകളെ ഉപയോഗിച്ചു നടത്തുന്ന ആക്രമണങ്ങള്‍ 'ഒഞ്ചിയത്ത് സി.പി.എം. ഫാസിസം' എന്ന ലേഖനത്തില്‍ അക്കമിട്ടുനിരത്തുന്നു. ഒഞ്ചിയം പഞ്ചായത്തു പ്രസിഡന്റിനെ ക്വട്ടേഷന്‍സംഘം 16 വെട്ടുകള്‍ തലങ്ങും വിലങ്ങും ഏല്പിച്ചതടക്കം വീടുകള്‍ കയറി ആക്രമിച്ചതും ബോംബെറിഞ്ഞതുമായ ഒട്ടേറെ സംഭവങ്ങള്‍, ഒരൊറ്റ സി.പി.എംകാരനെപ്പോലും തിരിച്ചാക്രമിക്കാതിരുന്നിട്ടും.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനലുകളെ കൊണ്ടുവന്ന് ഫാസിസ്റ്റ് നടപടികളാണു സി.പി.എം. സ്വീകരിക്കുന്നത്. ഒഞ്ചിയത്തുള്‍പ്പെടെ പാര്‍ട്ടി അണികളില്‍നിന്നും ജനങ്ങളില്‍നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടി, പിണറായി വിജയന്റെ നേതൃത്വത്തില്‍ ഒരു ഫാസിസ്റ്റ് സംവിധാനമായി മാറിയതിന്റെ ഉദാഹരണമാണിത്. ആന്തരികഘടനയില്‍നിന്നു മാര്‍ക്‌സിസം കുടിയിറങ്ങിപ്പോവുകയും ജനാധിപത്യകേന്ദ്രീകരണത്തിന്റെ കാര്‍ക്കശ്യം മാത്രം പുലരുകയും ചെയ്യുമ്പോള്‍ സംഘടന ഫാസിസ്റ്റായിത്തീരും എന്നാണു ചന്ദ്രശേഖരന്‍ സി.പി.എമ്മിന്റെ മാറ്റത്തിന്റെ രാഷ്ട്രീയം വിശദീകരിച്ചത്.
എന്നിട്ടും ആയുധങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാനാണ് അണികളെ അദ്ദേഹം നിര്‍ബന്ധിച്ചു പഠിപ്പിച്ചത്. എന്നാല്‍, ആയുധങ്ങള്‍കൊണ്ടുതന്നെ വഴിയില്‍ ആ യാത്ര അതിക്രൂരമായി അവസാനിപ്പിക്കപ്പെട്ടു.
ചന്ദ്രശേഖരന്റെ വികൃതമാക്കപ്പെട്ട മുഖം മറ്റൊരു ചിത്രമാണ് ഓര്‍മിപ്പിച്ചത്. റോമന്‍സാമ്രാജ്യത്വത്തിന്റെ ക്രൂരതയുടെയും അധികാരപ്രമത്തതയുടെയും പ്രതീകമായി നിര്‍മിച്ച റോമിലെ കൊളോസിയം. റോമന്‍ ചക്രവര്‍ത്തിയടക്കമുള്ളവര്‍ അവിടെയിരുന്നാണല്ലോ തടവുകാരും ഗ്ലോഡിയേറ്റര്‍മാരെന്ന പോരാളികളും സിംഹവും പുലിയുമായി പൊരുതി ചോരയും മാംസപിണ്ഡവുമായി മരിക്കുന്നതു കണ്ട് ആനന്ദിച്ചിരുന്നത്. ആ കൊളോസിയമാതൃകയിലായി
രുന്നു സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കോഴിക്കോട്ടെ സമാപനവേദി എന്നതു തിരിച്ചറിവാകുന്നു.
(51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന്)
Comments
Post a Comment